Sreejithms's Blog

March 22, 2011

ജപ്പാന്‍ – ഒരോര്‍മ്മക്കുറിപ്പ്

Filed under: Uncategorized — sreejithms @ 6:55 am

ജപ്പാൻ ഒരു ശരത്കാലത്ത്

 

കേയ്ഹിൻ തൊഹോക്കു ലയിൻ, സക്കുറാഗിച്ചോ സ്റ്റേഷനിൽ വണ്ടിയിറങ്ങി ആഞ്ഞ് നടക്കുകയായിരുന്നു. 10 മണിക്ക് ചെന്ന്കയറിയാല്‍ മതി, ഓഫീസിൽ. ഇപ്പം ഒൻപതരയേ ആയുള്ളൂതാനും. എന്നാലും ആദ്യദിവസമല്ലേ, ജപ്പാൻകാരുടെ സമയനിഷ്ഠ പ്രസിദ്ധവുമാണല്ലോ (ഉവ്വ.. സമയനിഷ്ഠയൊക്കെ ഒരാഴ്ചക്കുള്ളിൽ ഞാന്‍ ശരിയാക്കിയെടുത്തോളാം എന്ന് മനസ്സില്‍ പറഞ്ഞു).

അങ്ങനെ സാമാന്യം നേരത്തേ ഓഫീസിൽ എത്തി. ചെന്നുകയറിയതും കാണാൻ വലിയ മോശമില്ലാത്ത സെക്രട്ടറി പെൺകൊച്ച് വക അഭിവാദ്യം:

ഒഹായോ ഗൊസായ്മസ്“!!!.

ഹെന്റമ്മേ.. അതൊരു ജാതി പെടയായിപ്പോയി. ഇങ്ങനെയൊരഭിവാദ്യം ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല.

കാണുന്നവരുടെയെല്ലാം മുന്നിൽ 90 ഡിഗ്രി കുനിയണമെന്നും (മൂക്കുകുത്തിവീഴാതെ), ഒരിടത്തും ഉന്തുംതള്ളും ഉണ്ടാക്കരുതെന്നും, വഴിയിൽ കാണുന്ന ജാപ്പനീസ് സുന്ദരിമാരെ നോക്കിപ്പേടിപ്പിക്കരുതെന്നും (നാട്ടിൽ ഇതിന് വായീനോട്ടം എന്നു പറയും), ചപ്പുചവറെല്ലാം കളയേണ്ടത് നടക്കുന്ന വഴിയിലല്ലെന്നും എല്ലാം നേരത്തേ തീരുമാനിച്ചുറച്ചിരുന്നെങ്കിലും, ഒഹായോ…” കുന്ത്രാണ്ടം എന്റെ മനസ്സിലേ ഇല്ലായിരുന്നു.

ജാപ്പനീസിൽ good morning നു ഈ ഐറ്റമാണ് പറയേണ്ടതെന്നറിയാം. പക്ഷേ സെക്രട്ടറി പെൺകൊച്ചിന്റെ ജാപ്പനീസിലുള്ള സുപ്രഭാതം അല്പം അപ്രതീക്ഷിതമായിപ്പോയി. പിന്നെ രണ്ടാമതൊന്നാലോചിച്ചില്ല വിറയാർന്ന ചുണ്ടുകളോടെ ഇടറുന്ന ശബ്ദത്തിൽ വെച്ചുകാച്ചി:

ഒഹായോ ഗോൺസാൽവസ്“…..

ങേ!!! യെവനാരെടാ ഈ ഗോൺസാൽവസ്? ലവനെന്തിനാ എന്റെ നാവിന്റെ തുമ്പിൽ കയറി ഊഞ്ഞാലാടിയത്. .. അല്ലെങ്കിലും ആവശ്യം വരുമ്പോൾ മര്യാദക്ക് പ്രവർത്തിക്കാത്ത ഒരു സാധനമാണല്ലോ ഈ നാക്ക്. , അതൊക്കെ പോട്ടെ, ഏതായാലും പറ്റിപ്പോയി. മാനാഭിമാനം കപ്പല് കയറിപ്പോകാന്‍ വേറേ വല്ലതും വേണോ.

എങ്കിലും ആശ്വാസത്തിന് വകയുണ്ടായി. ഒച്ചയൊക്കെ തൊണ്ടയില്‍ കുടുങ്ങിപ്പോയിരുന്നു. പിന്നെ പുള്ളിക്കാരിയും ഇതിലും വലിയ അത്ഭുതകരമായ വാചകങ്ങളൊന്നും എന്നില്‍നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നി. അങ്ങനെ അധികമാരും അറിയാതെ വലിയ മാനക്കേടില്ലാതെ ആ സംഭവം ഒതുങ്ങി.

ഏതാണ്ട് 6 മാസം നീണ്ടുനിന്ന എന്റെ ജപ്പാൻ ജീവിതം ഇങ്ങനെയൊക്കെയാണാരംഭിച്ചത്. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കാലഘട്ടം. ഇതിനിടയിൽ എത്രയെത്ര സംഭവങ്ങൾ, അബദ്ധങ്ങൾ, പൊട്ടിച്ചിരികൾ, യാത്രകൾ.

നാല് ബാച്ചികൾ ഒറ്റക്ക്താമസിച്ചിരുന്ന “ഫുച്ചു ഹൗസ്” എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഞങ്ങളുടെ വീട്, ദിവസവും 3 മണിക്കൂർ നീളുന്ന ട്രെയിൻ യാത്ര, യാഹോ റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചുമുള്ള സൈക്കിൾ യാത്ര, വാരാന്ത്യത്തിൽ യമദ മാളിലെ ഷോപ്പിങ്, ദിവസവും രാത്രിയിലുള്ള പാചകം (അത് ഞങ്ങള്‍ തന്നെ തിന്നുകേം വേണമെന്ന് പറയുന്നിടത്താണ് സംഗതിയുടെ ഭീകരത)… അങ്ങനെയങ്ങനെ. ഇതൊന്നും പോരാഞ്ഞ് ഇടയ്ക്കൊക്കെ ഉണ്ടാകുന്ന അല്പം ആസ്വാദ്യകരമായ ചെറിയ ഭൂചലനങ്ങളും.

സഹമുറിയന്മാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ബാഡ്മിന്റൺ കളി ആരംഭിച്ചത്, അടുത്തുള്ള ക്ലബ്ബിൽ ശനിയോ ഞായറോ അല്പസമയം. കളി തുടങ്ങി രണ്ടാഴ്ച കൊണ്ട് സെർവ് ചെയ്യാൻ ഒക്കെ പഠിച്ചു. പക്ഷേങ്കില് പിന്നീടങ്ങോട്ട് നല്ല തമാശയായിരുന്നു.

ഷട്ടിൽകോക്കുകള്‍ എന്റെ തലക്കുമുകളിലൂടെ പാഞ്ഞുകൊണ്ടേയിരുന്നു, അമ്മച്ചിയാണേ, ഒരെണ്ണം പോലും ബാറ്റിൽ കൊണ്ടിട്ടില്ല. ഞാനാകട്ടെ “യോനെക്സ്” ബാറ്റ് കൊണ്ട് കൊതുകിനെക്കൊല്ലൽ പരിശീലിച്ചുകൊണ്ടുമിരുന്നു (“യോനെക്സ്” എന്നൊരു ഗുമ്മിന് പറഞ്ഞതാണ്, ബാറ്റ് വേറെ ഏതോ ബ്രാന്റായിരുന്നു). തൊട്ടപ്പുറത്തെ കോർട്ടിൽ 4-5 വയസ്സുള്ള ചിടുങ്ങുകൾ മുതൽ 60-80 വയസ്സുള്ള ജപ്പാൻകാരായ അമ്മൂമ്മമാർ വരെ തകർത്ത് കളിയാണ്(പ്രായമെത്രയായാലും ചുറുചുറുക്കോടെ ജോലിചെയ്യുന്ന അമ്മൂമ്മമാരും അപ്പൂപ്പന്മാരും ഇവിടുത്തെ സാധാരണ കാഴ്ചയാണ്). അവരുടെയൊക്കെ ബാറ്റിൽനിന്ന് അന്തംവിട്ട് പ്രവഹിക്കുന്ന സ്മാഷുകൾ കണ്ട് ഞാനും അന്തംവിട്ട് നിന്നു.

അപ്പോഴാ ഓര്‍ത്തത്, അങ്ങനെയെങ്കിൽ ഈ ഈച്ചകളെ ആട്ടിയകറ്റുന്നതിന് സമാനമായ എന്റെ പ്രകടനം അവരും കാണുന്നുണ്ടാവില്ലേ? നോക്കിയപ്പോൾ സംഗതി ശരിയാണ്. പൊതുവേ മറ്റുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുകയോ ഇടപെടുകയോ ചെയ്യാത്ത അവർ ഈ പരാക്രമമൊക്കെ കണ്ട് തലതല്ലിച്ചിരിക്കുന്നു, ഇടങ്കണ്ണിട്ട് നോക്കിയിട്ട് വീണ്ടും ചിരിക്കുന്നു.

ഇനിയിപ്പോ എന്തൂട്ട് ചെയ്യാൻഒഹായോ ഗോണ്‍സാല്‍വസിന്റെ” പേരില്‍ കപ്പല് കയറിപ്പോയ മാനാഭിമാനങ്ങള്‍ക്ക് പകരം ഇതാ മാനഹാനി ഫ്ലൈറ്റും പിടിച്ച് വന്നിരിക്കുന്നു? നിർത്തിയളിയാഞാൻ ഇപ്പരിപാടി നിർത്തി, ശനിയും ഞായറും ഞാനവിടെ വീട്ടിൽ കിടന്നുറങ്ങിക്കോളാം. നിങ്ങള് കളിച്ച് ജയിച്ച് നന്നായിവരൂ എന്ന് മംഗളം ചൊല്ലി ഞാൻ കളി അവസാനിപ്പിച്ചു

ജപ്പാൻകാരെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്നത് തികച്ചും അന്തർമുഖരായ ഒരു പറ്റം ആളുകൾ എന്ന ചിത്രമാണ്. ട്രെയിനിലൊക്കെ പ്രതിമകളെപ്പോലെ ഇരിക്കുന്ന, തൊട്ടടുത്ത് ഒരാള്‍ തലകുത്തിനിന്നാൽ പോലും ശ്രദ്ധിക്കാത്ത, ഒന്നിലും ഇടപെടാത്ത, സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരാൾക്കൂട്ടം. പിന്നീടങ്ങോട്ട് അവരെ അടുത്തറിയാൻ തുടങ്ങിയപ്പോൾ എന്റെ മനോഭാവവും മാറിവന്നു.

ട്രെയിനിലും ബസ്സിലും കയറാൻ പോലും ക്യൂ നിൽക്കുന്നവർ, ഒരു സീറ്റൊഴിഞ്ഞാൽ മറ്റാര്‍ക്കും അതിലിരിക്കേണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഇരിപ്പുറപ്പിക്കുന്നവർ (മൂന്നുപേർക്ക് വേണ്ടി സീറ്റ് പിടിക്കാൻ ഒരു പേനയെ മൂന്ന് കഷണമാക്കി, റീഫില്ലും അടപ്പും ബോഡിയും എന്ന് വേർത്തിരിച്ച് സീറ്റുകളിൽ വിതറുന്ന നമുക്കൊക്കെ ഇത് പുതിയൊരനുഭവമാണ്).

ട്രാഫിക് ലൈറ്റും നിയമങ്ങളുമൊക്കെ കണ്ണും പൂട്ടി അനുസരിക്കുന്നവർ (ഈ ഒറ്റ കാര്യം കണ്ടാൽ മതി ഒരു ശരാശരി കേരളീയന് ഒരാഴ്ച്ച ഉറക്കം നഷ്ടപ്പെടാൻ), ഹോൺ മുഴക്കുന്നതും സൈക്കിൾ ബെല്ലടിക്കുന്നതും തെറിവിളിക്കുന്നതിന് സമാനമാണെന്ന് കരുതുന്നവർ (എന്നുവച്ച് തെറിക്ക്പകരം അവർ ഹോണടിച്ച് കേൾപ്പിക്കാറില്ല, ഹോണിന് പകരമായി ചീത്തവിളിക്കാറുമില്ല. അനാവശ്യമായി ഹോൺ അടിക്കാതിരിക്കും, അത്രതന്നെ).

കാലാകാലങ്ങളായി ഇന്ത്യയില്‍നിന്നൊക്കെ കെട്ടിയെടുക്കുന്ന എന്നെപ്പോലുള്ളവരെ കണ്ട്പഠിച്ചിട്ടായിരിക്കണം, ജപ്പാനിലെ പുതിയ തലമുറ മേല്‍പ്പറഞ്ഞതില്‍നിന്ന് അല്പം വ്യത്യസ്തരാണ്. എങ്കിലും ഒട്ടൊക്കെ മാനുഷിക മൂല്യങ്ങള്‍ പഴയ തലമുറയെപ്പോലെ അവരും കാത്തുസൂക്ഷിക്കുന്നു.

ഏതാണ്ട് ഞാൻ ജപ്പാനിൽ എത്തിയ ദിവസങ്ങളിൽ കേട്ട ഒരു വാർത്ത:

അക്കിഹാബറ എന്ന സാമാന്യം നല്ല തിരക്കുള്ള സിറ്റിയിൽ ഒരാൾ, നിർത്തിയിട്ടിരുന്ന ഒരു ട്രക്കെടുത്ത് ആൾക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചു കയറ്റി, 4 പേർ തൽക്ഷണം മരിച്ചു“.

കേട്ടാൽ ആരും ഞെട്ടിപ്പോകുന്ന വാർത്ത. ഇതാണോ ഇത്ര പുകൾപെറ്റ ജപ്പാനിലെ ആളുകളുടെ മനസ്ഥിതി എന്ന് ആരും ചോദിച്ചുപോകും. പക്ഷേ ഇതെല്ലാം വെറും ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണെന്ന് മനസ്സിലാക്കാൻ അധികദിവസം വേണ്ടിവന്നില്ല.

ലോകത്തിലെവിടേക്കും വച്ച് ഏറ്റവും മനസ്സമാധാനത്തോടെ ജീവിച്ചു പോകാൻ പറ്റിയ ഒരു സ്ഥലമാണ് ജപ്പാൻ എന്നെനിക്ക് പിന്നീട് മനസ്സിലായി. അക്കിഹാബറ എന്ന ഇലക്‌ട്രിക്കൽഇലക്‌ട്രോണിക് സിറ്റി പിന്നീടെന്റെ സ്ഥിരം സന്ദർശനവേദികളിൽ ഒന്നായി മാറി എന്നുവച്ചാല്‍ അവിടെയുള്ള സകല കടകളിലും കയറി നിരങ്ങും, ഒരു പുല്ലും വാങ്ങുകയുമില്ല, ബാക്കി സമയം അക്കിഹാബറ തെരുവുകളില്‍ വായീനോക്കിനടന്ന് രാത്രിയാവുമ്പോള്‍ തിരിച്ചുപോരും.

അങ്ങനെ ഞാൻ ജപ്പാൻ ജീവിതം ഇഷ്ടപ്പെടാൻ തുടങ്ങി, അവിടത്തെ ആളുകളേയും. യാക്കിതോരിയും ആയു ചുട്ടതുമൊക്കെ എന്റെ ഇഷ്ടവിഭവങ്ങളായി, മിസോസൂപ്പില്ലാതെ ജീവിക്കാൻ വയ്യെന്നായി. യോഷിനോയയിലെ സ്ഥിരം സന്ദർശകനായി ഞാൻ. നാട്ടിൽ പോയാൽ ചോപ്‌സ്റ്റിക്കില്ലാതെ എങ്ങനെ ഭക്ഷണം കഴിക്കും എന്നുവരെ ചിന്തിക്കാൻ തുടങ്ങി (എഴുതിവന്നപ്പോ അല്പം കൂടിപ്പോയോ? അവരുടെ ഭക്ഷണരീതികൾ ഇഷ്ടപ്പെട്ടുതുടങ്ങി എന്ന് ചുരുക്കം).

ജപ്പാൻകാരുടെ സ്വഭാവവിശേഷത്തെയും സംസ്കാരത്തെയും പറ്റി വിവരിക്കാനാണെങ്കിൽ അതൊരുപാടുണ്ട്. ആൺപെൺ ഭേതമില്ലാതെ ഏതുജോലിയും ചെയ്യാൻ തയ്യാറുള്ളവരാണവർ, എല്ലാത്തരം ജോലിയുടേയും മാന്യത അംഗീകരിച്ചുകൊടുക്കുന്നവർ. വലിപ്പച്ചെറുപ്പമില്ലാതെ സൈക്കിൾസവാരി ഇഷ്ടപ്പെടുന്നവർ.

പബ്ലിൿ ട്രാൻസ്പോർട്ടേഷന് ഇത്രയും പ്രാധാന്യം കൊടുക്കുന്ന രാജ്യം വേറെ ഉണ്ടെന്ന് തോന്നുന്നില്ല. സെക്കന്റുകൾ പോലും നേരത്തെയോ വൈകിയോ അല്ലാതെ യാത്ര നടത്തുന്ന ട്രെയിനുകൾ പലപ്പോഴും തിങ്ങിനിറഞ്ഞാണ് കാണപ്പെടുക (well packed). ആ തിരക്കിനിടയിലും അവര്‍ തികഞ്ഞ മാന്യതയും അച്ചടക്കവും പാലിക്കുന്നു..

ടോക്യോ എന്ന ലോകത്തില്‍ ഏറ്റവും ജനസാന്ദ്രതയുള്ള സിറ്റികളിൽ ഒന്നിനെ ഏറ്റവും വൃത്തിയുള്ള ഒന്നായി സൂക്ഷിക്കുന്ന അവരുടെ സംസ്കാരം വേറിട്ടുതന്നെ നിൽക്കുന്നു.

വൃത്തിയെപ്പറ്റി പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്. നമ്മുടെ നാട്ടിലൊക്കെ പൊതുസ്ഥലം എങ്ങനെ വൃത്തികേടാക്കാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിരുന്ന പലരും കുറ്റീം പറിച്ച് ഇങ്ങോട്ട് പോരും (ആരേയും/എന്നെത്തന്നെയും ഉദ്ദേശിച്ചല്ല, പൊതിവേ പറഞ്ഞതാ). പക്ഷേ ഇവിടെ വന്നാല്‍ പിന്നെ നമ്മുടെ നാട്ടുകാരായ ആളുകള്‍ പോലും മാന്യന്മാരും വൃത്തിയുടെ സന്ദേശവാഹകരും എല്ലാറ്റിനും പുറമേ ഒടുക്കത്തെ അച്ചടക്കമുള്ളവരുമായി കാണപ്പെട്ടു. എന്നാപ്പിന്നെ ഇത് നാട്ടിലുമായിക്കൂടേ എന്ന ചോദ്യത്തിന്ക്ഷമിക്കണം എനിക്കുത്തരമില്ല.

6 മാസം കഴിയുമ്പോഴേക്കും എന്നിലുള്ള തനി കേരളീയൻ ഉണർന്നെണീറ്റിരുന്നു. തിരിച്ചുനാട്ടിലെത്താനുള്ള ആഗ്രഹം തീർച്ചയായും ശക്തിപ്പെട്ടു. അതുപിന്നെ നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാലും മൂന്നും ഏഴ് ഫ്രണ്ട്സ് ഉണ്ടല്ലോ.

എങ്കിലും നാട്ടിലെത്തിയാലും എന്നെങ്കിലുമൊരിക്കല്‍ ഒന്ന് തിരിച്ചുവരണമെന്ന് മനസ്സുകൊണ്ടാഗ്രഹിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മനസ്സിന്റെ ആഴങ്ങളിലെവിടെയോ ഒരു കണ്ണി ഈ സംസ്കാരവുമായി കൊളുത്തപ്പെട്ടുകഴിഞ്ഞിരുന്നു. ഒരുപക്ഷേ സമാധാനപരമായ ഒരു ജീവിതവ്യവസ്ഥയോടുള്ള ഇഷ്ടമാകാം, അത്യുന്നതിയിൽ നിൽക്കുന്ന സാങ്കേതിക മേന്മയോടുള്ള താല്പര്യമാകാം, മറ്റുള്ളവരെ മനപ്പൂർവം ദ്രോഹിക്കാൻ ശ്രമിക്കാത്ത നല്ല മനുഷ്യരോടുള്ള ആദരവുമാകാം.

ഒരുദിവസം ഉച്ചക്ക് ഫാമിലി മാർട്ടിൽനിന്ന് വാങ്ങിയ ബെന്തോയും കഴിച്ചുകഴിഞ്ഞ്, ഓൺലൈൻ മലയാളം പത്രവാർത്തകൾ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ ഓണ്‍ലൈന്‍ മലയാളം പത്രങ്ങള്‍ വായിക്കുന്നതിന്റെ ഒരു ഗുണം, ക്ലയന്റ് ചേട്ടന്‍ കണ്ടുകൊണ്ട് വന്നാലും ഒരു വകയും മനസ്സിലാവില്ലെന്നതാണ്. അഥവാ ചോദിച്ചാല്‍ തന്നെ മലയാളത്തില്‍ എഴുതിയ ഒരു ടെക്നിക്കല്‍ ആര്‍ട്ടിക്കിള്‍ ആണെന്ന് പറഞ്ഞാല്‍ മതിയല്ലോ (ടെക്നിക്കല്‍ ആര്‍ട്ടിക്കിളില്‍ നയന്‍താരയുടെ പടമൊക്കെ വന്നാല്‍ ചിലപ്പൊ പണികിട്ടിയെന്നും വരും)….

അന്നാണ് ആദ്യത്തെ അനുഭവം, സീറ്റ് ഒരു ചെറിയ ശബ്ദത്തോടെ ചെറുതായി തെന്നിമാറിയോന്നൊരു സംശയം? അതെ അതു തന്നെ, ചെറിയൊരു ഭൂചലനം. ഇപ്പോ ചെറുതെന്നൊക്കെ പറഞ്ഞ് തള്ളിക്കളയാം, ആദ്യമായിട്ടനുഭവിക്കുമ്പോളേ അതിന്റെ ഞെട്ടല്‍ മനസ്സിലാവൂ. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നതിന് മുൻപുതന്നെ ഒൻപത് നിലകളുള്ള കെട്ടിടം ആടാന്‍ തുടങ്ങിയിരുന്നു.

കൊള്ളാം, നന്നായിട്ടൊരു സദ്യയൊക്കെ കഴിച്ചിട്ടായിരുന്നെങ്കില്‍ ആ ആട്ടത്തില്‍ ഞാന്‍ ഉറങ്ങിപ്പോയേനേ. സത്യമായിട്ടും, അനുഭവിച്ചറിയേണ്ട ഒന്നുതന്നെയാണ് ഈയവസ്ഥ. ഏതാണ്ട് രണ്ട് മിനിറ്റെടുത്തു കെട്ടിടം ഒന്ന് സ്റ്റെഡിയാവാന്‍.

ബില്‍ഡിങ്ങിന്റെ തൊട്ടിലാട്ടം തുടങ്ങിയപ്പോള്‍ തന്നെ ഓഫീസിലെ മറ്റെല്ലാവരും വീണ്ടും അവരവരുടെ പണികളിലേക്ക് തിരിഞ്ഞിരുന്നു. കാരണം അവർക്കതൊന്നും പുത്തരിയായിരുന്നില്ല, നമ്മളിതെത്ര കണ്ടിരിക്കുന്നു എന്നാണവരുടെ ഭാവം. ഭൂചലനത്തെ പ്രതിരോധിക്കുന്ന സ്ട്രക്‌ചറുകളിൽ പണിതുയര്‍ത്തിയവയായിരുന്നു അവിടുത്തെ കെട്ടിടങ്ങൾ. എന്തെങ്കിലും സംഭവിച്ചാൽ അല്പസമയം ആടും, എന്നിട്ട് നിശ്ചലമാകും, അത്രതന്നെ. മുകളിലെ നിലകളിൽ ഈ ആന്തോളനം നന്നായി അനുഭവപ്പെടുമെന്ന് മാത്രം.

പിന്നീട് ഒരു ദിവസം രാത്രി വീടിന്റെ രണ്ടാം നിലയെ വരെ നന്നായി വിറപ്പിച്ച ഒന്ന്.. അത് പിറ്റേദിവസം പത്രത്തിലൊക്കെ വാർത്തയായി. എങ്കിലും അതെല്ലാം വെറും ഒരു ദിവസം മാത്രം ആയുസ്സുള്ള വാർത്തകളായിരുന്നു. എത്രവലിയ ചലനത്തേയും നേരിടാൻ കെല്പുള്ള അവരുടെ കെട്ടിടനിർമ്മാണ രീതി, അത് ജാപ്പനീസ് സാങ്കേതികതയുടെ മികവുറ്റ ഉദാഹരണങ്ങളിൽ ഒന്നുമാത്രം

പക്ഷേ ഇന്ന്ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്ന് ജാപ്പനീസ് ജനതയെ പിടിച്ചുലച്ചിരിക്കുന്നു. റിക്ടർ സ്കെയിലിൽ 8.9 രേഖപ്പെടുത്തിയ ആ ഭൂചലനത്തെ പ്രതിരോധിക്കാനുള്ള കെൽപ്പ് അവരുടെ കെട്ടിടങ്ങൾക്കുണ്ടായിരുന്നിരിക്കാം. പക്ഷേ അതിന്റെ ഫലമായുണ്ടായ സുനാമി വിതച്ച നാശത്തിൽ ജപ്പാൻ വിറങ്ങലിച്ച്‌നിൽക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

അതോടൊപ്പം തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു ഫുക്കുഷിമ ആണവനിലയത്തിൽ നിന്നുള്ള വാർത്തകൾ. ഭൂകമ്പം മൂലം തകരാറിലായ റിയാക്ടറുകളിൽ നിന്നും അണുവികിരണം പുറത്തുവരുന്നെന്നും അവ പൊട്ടിത്തെറിക്കാന്‍ സാ‍ധ്യതയുണ്ടെന്നുമുള്ള വിവരങ്ങൾ അതീവ ഭീതിതരമായിരുന്നു. ദുരന്തത്തിന്റെ യഥാർത്ഥ വ്യാപ്തിയും മരണമടഞ്ഞവരുടെ എണ്ണവും ഇപ്പോഴും വ്യക്തമായി പറത്തുവന്നിട്ടില്ല.

ജപ്പാനെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും മനസ്സിൽ ദു:ഖത്തിന്റെ കരിനിഴൽ വീഴ്ത്തിയ ഈ ദുരന്തത്തിൽനിന്ന് ജപ്പാൻ ഉയിർത്തെഴുന്നേൽക്കും എന്നുറപ്പാണ്. ഗ്രേറ്റ് കന്തോ ഭൂകമ്പത്തെയും രണ്ടാം ലോകമഹായുദ്ധത്തെയും ഹിരോഷിമാനാഗസാക്കി അണുബോംബുകളേയും അതിജീവിച്ചവരാണവർ. ഒരു ദുരന്തം എങ്ങനെ നേരിടണമെന്നും ദു:ഖത്തെ എങ്ങനെ പങ്കുവക്കണമെന്നും അവർക്കറിയാം.

എങ്കിലും, ഫുക്കുഷിമ ആണവനിലയത്തിലുണ്ടായ പൊട്ടിത്തെറികൾ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ആണവോർജ്ജത്തിന്റെ സുരക്ഷയെപ്പറ്റി ആശങ്കകൾ നിലനിൽക്കുമ്പോൽ, പലരാജ്യങ്ങളും സൗരോർജ്ജം പോലുള്ള സ്രോതസ്സുകളിലേക്ക് തിരിയുമ്പോൾ, സാങ്കേതികതയുടെ അവസാനവാക്കായ ജപ്പാനും വളർന്നുവരുന്ന സാമ്പത്തികസാങ്കേതികശക്തിയെന്നവകാശപ്പെടുന്ന ഇന്ത്യയും ഇപ്പോഴും മാറിച്ചിന്തിക്കാൻ കൂട്ടാക്കാത്തതെന്തേ?

പ്രിയപ്പെട്ട ജപ്പാൻ, ഈ ദു:ഖത്തിൽ ഞാനും പങ്കുചേരുന്നു. ഒപ്പം എന്റെ ഈ കൊച്ചുബ്ലോഗിലെ ആദ്യപോസ്റ്റ് “2011 തൊഹോക്കു ഭൂകമ്പത്തിൽപ്രാണൻ വെടിഞ്ഞ ആയിരങ്ങൾക്ക്‌വേണ്ടി സമർപ്പിക്കുന്നു.

Advertisements

Blog at WordPress.com.